Friday, January 22, 2021

ഒരു ദിവസം ലീവെടുക്കണം

 ഒരു ദിവസം ലീവെടുക്കണം
പകലന്തിയോളം കിടന്നുറങ്ങണം
കാണാൻ മറന്ന കിനാവുകൾ കാണണം
ഒരു ദിവസമങ്ങനെ വെറുതെ കളയണം

ഒരു ദിവസം ലീവെടുക്കണം
പാത്തിക്കലിൽ പോയി മീൻ പിടിക്കണം
ചൂണ്ട രണ്ടെണ്ണം കൈയ്യിൽ കരുതണം
മത്തിയും കൊഞ്ചും തരം പോലെ കോർക്കണം
ഇടക്ക് ദാഹം മാറ്റാൻ ഷാപ്പിൽ കയറണം
ഏട്ടയൊന്ന് കിട്ടിയാൽ ഭാഗ്യമെന്നു കരുതണം

ഒരു ദിവസം ലീവെടുക്കണം
പൂട്ടിയ മേശവലിപ്പു തുറക്കണം
ബാല്യ കൗമാരങ്ങളിലേക്കൂളിയിട്ടിറങ്ങണം
ഒളിപ്പിച്ച മയിൽപീലി പെറ്റോന്ന് നോക്കണം
നഷ്ട പ്രണയത്തിന്റെ നോവേറ്റു നീറണം
അർത്ഥമില്ലാത്തതിന്റെ നാനാർത്ഥം തേടണം

ഒരു ദിവസം ലീവെടുക്കണം
പഴയ ദിനസരിക്കുറിപ്പുകൾ മറിക്കണം
ഓരോന്ന് വായിച്ച് ഊറിച്ചിരിക്കണം
ഇടക്ക് എന്തിനെന്നറിയാതെ കണ്ണ് നിറയണം
ഒടുവിൽ മടക്കി വെക്കുമ്പോൾ മനസ്സ് നിറയണം

Thursday, August 1, 2019

മറവി

കഥാരചനയിൽ ഇത് എന്റെ ആദ്യത്തെ ശ്രമമാണ്.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു.
കഥ : മറവി
-----------------------------------------------------------------------------------
പ്രീഡിഗ്രി അവസാന വർഷ പരീക്ഷാക്കാലം. ആദ്യ ദിവസം നേരത്തെ തന്നെ അയാൾ സെന്ററിൽ എത്തി മുറ്റത്തെ ബോർഡിൽ നോക്കി റൂം കണ്ടുപിടിച്ചു. പഴയതെങ്കിലും പ്രൗഢി മായാത്ത പേരെടുത്ത ഒരു സ്കൂൾ ആയിരുന്നു അത്. പ്രധാന കവാടത്തിനടുത്ത് വരാന്തയോട് ചേർന്നുള്ള ക്ലാസ് മുറിയിൽ ചെന്ന് തന്റെ രജിസ്റ്റർ നമ്പർ എഴുതിയ ബെഞ്ചിൽ സ്ഥലം പിടിച്ചു. ഒന്നു രണ്ടു പേരേ അപ്പൊഴവിടെ അയാളെ കൂടാതെ ഉണ്ടായിരുന്നുള്ളൂ. ബാഗിൽ നിന്നും പേനയും ഹാൾടിക്കറ്റും നോട്ടുബുക്കും എടുത്ത് മേശപ്പുറത്ത് വച്ചു. വായിച്ചാൽ തലയിൽ കയറില്ലെങ്കിലും ഒരു ഭംഗിക്ക് അയാൾ നോട്ടുബുക്കെടുത്ത് മറിച്ചു നോക്കി. കഴിഞ്ഞ വർഷത്തെ കിട്ടാതെ പോയതടക്കം ആറേഴു പേപ്പറുകൾ എഴുതിയെടുക്കാനുണ്ടെങ്കിലും പരീക്ഷയുടെ ആധിയേക്കാൾ പെയ്തൊഴിഞ്ഞ ഒരു പ്രണയത്തിന്റെ നിർവികാരതയായിരുന്നു അയാളുടെ മുഖത്ത് നിഴലിച്ചു നിന്നത്...!
മൊബൈൽ ഫോണുകൾ സ്റ്റാറ്റസ് സിംബലായി കണ്ടിരുന്ന കാലം. ലാൻഡ് ഫോൺ കണക്ഷൻ പോലും അപൂർവം വീടുകളിൽ മാത്രമേഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ സെൻറ് ഓഫ് കഴിഞ്ഞതോടെ കൂട്ടുകാരുമായുള്ള ബന്ധം അറ്റുപോയ നിലയിൽ ആയിരുന്നു. കൂടെ പഠിച്ചവർക്കൊക്കെ എവിടെയൊക്കെയാണ് സെന്റർ എന്ന് ഒരു പിടിയുമില്ല. ക്ലാസ് റൂമിൽ പരീക്ഷാർത്ഥികൾ എത്തിത്തുടങ്ങിയിരുന്നു. ഒരുറപ്പുമില്ലെന്ന് അറിയാമായിരുന്നിട്ടും അയാളുടെ മനസ്സ് പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാൻ വെമ്പൽ കൊണ്ടു. യാദൃശ്ചികമെന്നോണം ഒരു സഹപാഠിയെ കണ്ടപ്പോൾ അയാളുടെ പ്രതീക്ഷ ഇരട്ടിയായി. അവനുമായി ചെറിയ കുശലാന്വേഷണം കഴിഞ്ഞു തിരിച്ച് ചെന്ന് സീറ്റിലിരുന്നു. സമയം കടന്നുപോയി. പരീക്ഷ തുടങ്ങാൻ സമയമായെന്നറിയിച്ചുകൊണ്ട് മണി മുഴങ്ങി. പ്രതീക്ഷകളസ്തമിച്ച നിലയിൽ അയാൾ പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തി. അവസാന പ്രതീക്ഷയെന്ന നിലക്ക് ഗേറ്റിലേക്ക് പാളി നോക്കിയ അയാളുടെ മുഖം അത്ഭുതത്തോടെ വിരിഞ്ഞു. താൻ ആരെയാണൊ കാത്തിരുന്നത് അവൾ തെല്ലു വേവലാതിയോടെ തിടുക്കപ്പെട്ട് പടികയറി വരുന്നത് കണ്ടു. ജനാലയ്ക്കരികിലിരുന്ന അയാളെ അവൾ തിരിച്ചറിഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ തന്റെ മുറിയിലേക്ക് അവൾ കടന്നു വന്നപ്പോൾ അയാൾക്കത് ഇരട്ടി മധുരമായി. ഒറ്റശ്വാസത്തിൽ എന്തൊക്കെയോ പറഞ്ഞ് അവൾ പരീക്ഷാ ഹാളിലേക്ക് പോയിഓടി . അവൾ നടന്ന് മറയുന്നതുവരെ അയാൾ കണ്ണിമയ്ക്കാതെ നോക്കി നിന്നു...
പരീക്ഷ ഒരുവിധം എഴുതി തീർത്ത് അയാൾ സ്‌കൂളിനടുത്തു തന്നെയുള്ള ബസ്‌സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു. താരതമ്യേന ചെറിയ ഒരു ബസ്‌സ്റ്റാൻഡ് ആയിരുന്നു അത്. ടൗണിൽ നിന്നും എല്ലാ ഭാഗത്തേക്കുമുള്ള ബസ്സുകൾ ആ സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്നതാകയാൽ അവളെ അവിടെവച്ച് കാണാം എന്ന കണക്കുകൂട്ടലിലായിരുന്നു അയാൾ. ഏറെനേരം കാത്തുനിന്നിട്ടും അവളെ കാണാത്തതിനാൽ അടുത്ത ബസിന് അയാൾ നാട്ടിലേക്ക് തിരിച്ചു..
പിറ്റേന്ന് നേരത്തേ പരീക്ഷാകേന്ദ്രത്തിൽ എത്തിയ അയാൾ സുഹൃത്തുക്കളെ കാണാനെന്ന വ്യാജേന തൊട്ടടുത്തുള്ള ക്ലാസ് മുറികളിൽ കയറിയിറങ്ങി. അവളുടെ മുറി കണ്ടെത്തുകയായിരുന്നു ലക്‌ഷ്യം. ഒന്നുരണ്ട് സഹപാഠികളെ കണ്ടെങ്കിലും പ്രതീക്ഷിച്ചയാളെ മാത്രം കണ്ടില്ല.. പിന്നീടുള്ള ദിവസങ്ങളിലും ഇത് തുടർന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ അയാൾ ആ ശ്രമം ഉപേക്ഷിച്ചു. ഇതിനിടയിൽ പരീക്ഷകൾ നിർവികാരവും വിരസവുമായി കടന്നുപോയി.
പരീക്ഷകൾ ഏറെക്കുറെ കഴിയാറായി... അവസാനത്തേതിന് തൊട്ടുമുമ്പുള്ള പരീക്ഷ കഴിഞ്ഞ് നാട്ടിലേക്കുള്ള ബസ്സിൽ ഇരിക്കുകയായിരുന്നു അയാൾ. ഈ ദിവസങ്ങളിലൊക്കെ ബസ്‌സ്റ്റാൻഡിലും അവളെ അയാൾ തിരയുന്നുണ്ടായിരുന്നു. പലപ്പോഴും നാട്ടിലേക്കുള്ള ബസ്സുകൾ വന്നുപോയാലും അതിൽ കയറാതെ അവസാന പരീക്ഷാർത്ഥിയും പൊയ്ക്കഴിഞ്ഞു എന്നുറപ്പുവരുത്തിയിട്ടാണ് അയാൾതിരിച്ച് പോകാറ്. ബസ് പുറപ്പെടാൻ ഇനിയും സമയമുണ്ട്. സൈഡ് സീറ്റിലിരുന്ന് അയാൾ ചുറ്റുമൊന്ന് കണ്ണോടിച്ചു. പെട്ടെന്ന് കുറച്ച് മാറി നിർത്തിയിട്ടിരുന്ന ബസ്സിൽ അയാളുടെ കണ്ണുകളുടക്കി.. അതെ, അത് തന്റെ പ്രേമഭാജനമായിരുന്നു. ഇനിയൊരിക്കലും കാണില്ലെന്ന് കരുതി നിരാശയിലിരിക്കുമ്പോഴായിരുന്നു ആ അപ്രതീക്ഷിത ദർശനം. ഇളം പച്ചനിറമുള്ള ദാവണിയിൽ അവൾ പതിവിലും സുന്ദരിയായിരുന്നു. ഒപ്പമുള്ള കൂട്ടുകാരികളോട് നിർത്താതെ എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവൾ കയറിയ ബസ്സിന്റെ പേര് അയാൾ മനസ്സിൽ കുറിച്ചിട്ടു. ആ അസുലഭ നിമിഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അയാളുടെ ബസ്സ് നീങ്ങിത്തുടങ്ങി.
പരീക്ഷയുടെ അവസാന ദിവസം... പരീക്ഷ ഒരുവിധം എഴുതിത്തീർത്ത് അയാൾ പുറത്തിറങ്ങി. അവൾ പോകുന്ന ബസ്സിൽ സ്ഥാനം പിടിക്കലായിരുന്നു ഏക ലക്‌ഷ്യം.. അയാളുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങി. ഒരുപക്ഷെ ഇതാവാം അവളുമായുള്ള അവസാന സമാഗമം.. ഓരോന്നാലോചിച്ച് ബസ്‌സ്റ്റാന്റിനടുത്തെത്തിയത് അയാൾ അറിഞ്ഞില്ല. പെട്ടെന്ന് സ്റ്റാൻഡിൽ നിന്നുള്ള വളവ് കഴിഞ്ഞ് ഒരു ബസ് അയാളുടെ മുന്നിലെത്തി. അതയാളുടെ നാട്ടിലേക്കുള്ള ബസ്സായിരുന്നു. ഏതോ ഒരു അജ്ഞാത പ്രേരണയാലെന്നപോലെ ഡ്രൈവറോട് നിർത്താനുള്ള ആംഗ്യം കാണിച്ച് അയാൾ ബസ്സിലേക്ക് ഓടിക്കയറി. കണ്ടക്ടർക്ക് പൈസകൊടുത്ത് അയാൾ ഒഴിവുള്ള സീറ്റിൽ ചെന്നിരുന്നു. ഒരു നിമിഷാർദ്ധത്തിൽ എല്ലാം കഴിഞ്ഞു. ബസ് ഓടിത്തുടങ്ങി. അൽപദൂരം പിന്നിട്ടപ്പോഴേക്കും പരീക്ഷക്ക് ഉറക്കമൊഴിഞ്ഞ ക്ഷീണത്തിൽ അയാൾ മയങ്ങിപ്പോയി. എകദേശം രണ്ട് കിലോമീറ്റർ പിന്നിട്ടുകാണും, ബസ് ഒരു ഗട്ടറിൽ വീണ കുലുക്കത്തിൽ അയാൾ ഉറക്കമുണർന്നു.. പൊടുന്നനെ അയാളുടെ മനസ്സിൽ ഒരു വെള്ളിടി വീണു. പറ്റിപ്പോയ മറവിയുടെ ആഘാതം അയാൾക്ക് ഉൾക്കൊള്ളാനായില്ല. താനവളെ എന്നെന്നേക്കുമായി മിസ് ചെയ്തു എന്ന യാഥാർഥ്യം അയാൾക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. അത് തിരിച്ചറിഞ്ഞ നിമിഷം അയാൾ നിർവികാരനായി പിറകിലേക്ക് ചാഞ്ഞു.
കാലം കടന്നുപോയി. വീണ്ടും പലപ്പോഴായി മറവി അയാളെ ചതിച്ചു. പക്ഷെ ആ ഒരു നിമിഷത്തെ മറവിയെപ്പോലെ മറ്റൊന്നിനെയും അയാൾ അത്രകണ്ട് ശപിച്ചിട്ടുണ്ടാവില്ല....!!!

Wednesday, March 13, 2013

കഥ തുടരുന്നു ...... !!



പനിമതി വിടചൊല്ലിയകന്നു
പൊന്‍പ്രഭാതം വിടര്‍ന്നു
പ്രപഞ്ച നാടക വേദികയില്‍
വീണ്ടും തിരശ്ശീലയുയര്‍ന്നു

വസന്തം വിടര്‍ന്നു പൂക്കളിലെല്ലാം
പ്രണയ സൗരഭം പടര്‍ന്നു
പ്രപഞ്ച സൌന്ദര്യ പൊന്‍പ്രഭയോരോ
പുല്‍ക്കൊടിമേലും തെളിഞ്ഞു

നിറങ്ങള്‍ ചാലിച്ച സന്ധ്യയിലെല്ലാം
വിരഹ നൊമ്പരം തുളുമ്പി
വിടപറയാനായ് ഒരുങ്ങി നില്കവേ
സൂര്യബിംബവും തേങ്ങി ...... !!


Friday, February 15, 2013

സുകൃതം















മഴപെയ്തു തോര്‍ന്നൊരു രാത്രിയില്‍
വ്യര്‍ത്ഥമാം  ജീവന്റെ താളുകള്‍ മറിക്കവേ
ഒരു കുളിര്‍ത്തെന്നലായ് വരികയെന്‍ ചാരത്ത്
കനിവോലുമാ പഴയ താരാട്ടുമായ്
പകരുക നീയാ ജീവാമൃതധാര
മറക്കട്ടെ ഞാനെന്റെ കയ്പ്പും ചവര്‍പ്പും 

Friday, July 29, 2011

കാത്തിരിപ്പ്














ഇന്നലെയെന്മനം ഗ്രീഷ്മ തപത്താല്‍
ശുഷ്കമാം ചില്ലപോലായിരുന്നു
ജീവിതത്തിന്റെ വരണ്ട വഴികളില്‍
വര്‍ഷത്തിന്‍ പദസ്വനം കാത്തിരുന്നു
എന്റെ നിതാന്തമാം തപസ്സിന്റെയന്ത്യത്തില്‍
നീയെന്നെ പുല്കുവാനായണഞ്ഞു
വറ്റിവരളുമെന്നാത്മാവില്‍ നീയൊരു
മൌനസംഗീതമായ് പെയ്തിറങ്ങി
നിന്‍ കരസ്പര്‍ശന ലാളനയാലിന്ന്
വാസന്തമെന്നില്‍ വിരുന്നു വന്നു
നിനയാത്ത നേരത്ത് നീയൊരു നാള്‍
നനവു
ള്ളൊരോര്‍മയായ്  മാഞ്ഞതെന്തേ
എന്നുള്ളിമൃതു 
പൊഴിക്കുവാനയുന്ന
തരള വസന്തത്തെ കാത്തിരിപ്പൂ ഞാന്‍

Thursday, October 7, 2010

ഒരു പുഴ മരിക്കുന്നു















നാളേറെയായിട്ടുണ്ടെന്റെ മനസ്സിലൊ- 
രാര്‍ത്തനാദം വന്നലയ്കാന്‍ തുടങ്ങീട്ട്‌
എവിടെ നിന്നാണെന്നറിയില്ലയെങ്കിലും
പരിചിതമാണാ സ്വരമനിക്ക്‌
പിന്നെ ഞാനറിഞ്ഞെന്‍ തോഴനില്‍ നിന്നുനിന്‍
മനമലിയിക്കും കദനകഥ
ഒരുവേളയെന്റെ മനസ്സിലൊരായിരം
ഓര്‍മ്മകള്‍ വന്നു നിറഞ്ഞിടുന്നു
ചടുലമെന്‍ ബാല്യത്തില്‍ നിന്‍ മടിത്തട്ടില്‍
മതിവരുവോളം നീന്തിത്തുടിച്ചതും
നിറമോലുമെന്‍ കൌമാര ദശകളില്‍
വൈകുവോളം കളിപറഞ്ഞിരുന്നതും
ഒടുവിലൊരു കണ്ണുനീര്‍ച്ചാലായ്‌
നീ അന്ത്യയാത്രയോതിയതും
ഇന്നുനിന്‍ കുഴിമാടത്തില്‍ ഞാനുമെന്‍
കണ്ണീര്‍കണങ്ങള്‍ പൊഴിച്ചിടട്ടെ!..

Friday, October 1, 2010

ആദ്യാക്ഷരം കുറിക്കുമ്പോള്‍...

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും അക്ഷയഖനിയായ ബ്ലോഗിലേക്ക് വാഗ്ദെവിയെ ധ്യാനിച്ചുകൊണ്ട്   ഞാന്‍ പ്രവേശിക്കട്ടെ ... ബ്ലോഗിങ്ങിനെ പറ്റി കൂടുതല് അറിയാനും മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ പങ്കുവെക്കുവാനും ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. ഒപ്പം മറ്റുള്ളവരുടെ സര്‍ഗാത്മക സൃഷ്ടികള്‍ വായിക്കാനും എന്റെ എളിയ പ്രതികരണങ്ങള്‍ അറിയിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു...


ഉര്‍വരാക്ഷരങ്ങളെപ്പറ്റി ഒരു വാക്ക് ...


എന്റെ ബ്ലോഗിന് എന്ത് പേരിടും എന്ന് ആലോചിച്ചിരിക്കുമ്പോള്‍ ആണ് ബ്ലോഗിന്റെ കാലിക പ്രസക്തിയെപ്പറ്റി ഞാന്‍ ചിന്തിക്കാനിടയായത്. ബ്രോട്ബാന്ടു വേഗത്തില്‍  ജീവിതം ഓടിക്കൊണ്ടിരിക്കുമ്പോള്‍ മനുഷ്യര്‍ക്ക്‌ പല മാനുഷിക മുല്യങ്ങളും കൈമോശം വന്നിരിക്കുകയാണ്. സ്നേഹം, ദയ, കാരുണ്യം, സാഹോദര്യം തുടങ്ങിയ മനസ്സിനെ ഉര്‍വരമാക്കുന്ന (ആര്‍ദ്രമാക്കുന്ന) വികാരങ്ങള്‍ ബ്ലോഗിലുടെയെങ്കിലും നമുക്ക് പരസ്പരം കൈമാറാം എന്ന ആശയമാണ് എന്നെ ഈ പേരിലേക്ക് എത്തിച്ചത്... ഇങ്ങനെയൊരു വാക്ക് മലയാള നിഖണ്ടുവില്‍ ഉണ്ടോ എന്നെനിക്ക് സംശയമാണ് . ഇല്ലെങ്കില്‍ മലയാള ഭാഷയിലേക്ക് എന്റെ സംഭാവനയായിക്കോട്ടേ ഈ വാക്ക് !!!..... നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ !.......